കോഴിക്കോട്: ചുവന്ന പട്ടുസാരിയും ചുവന്ന ബ്ളൗസും നെറ്റിയില്‍ അരരൂപ വലുപ്പത്തിലുള്ള ചുവപ്പ് പൊട്ട്, തോളില്‍ ചുവന്ന ലതര്‍ ബാഗ്, കൈത്തണ്ടയിലെ വാച്ചിന്‍െറ സ്ട്രാപ്പിനും വലതുകൈയില്‍ പിടിച്ച മൊബൈല്‍ ഫോണിനും നിറം ചുവപ്പ്... അങ്ങനെ മൊത്തത്തില്‍ ചുവപ്പണിഞ്ഞ് രാവിലെ 9.30ഓടെ മേയര്‍ പ്രഫ. എ.കെ. പ്രേമജം സ്വന്തം ചേംബറിലേക്ക് കടന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ നഗരസഭാ ഭരണത്തിനിടെ ഒരുദിവസംപോലും അവധിയെടുക്കാത്ത ടീച്ചര്‍ സമയത്തിന്‍െറ കാര്യത്തില്‍ കിറുകൃത്യമാണ്. അവസാനമായി നന്ദിപറയാന്‍ നഗരത്തിലെ മാധ്യമപ്രവര്‍ത്തകരെ വിളിച്ചിട്ടുണ്ട്. 10നാണ് വാര്‍ത്താസമ്മേളനം. അതിനുമുമ്പായി ഒപ്പിടാവുന്ന ഫയലുകളിലെല്ലാം ഒപ്പിട്ടു. പി.എയോടും സ്വന്തം പ്യൂണിനോടും അല്‍പം കുശലാന്വേഷണം. ചുവന്ന കസേരയിലിരുന്ന് വീണ്ടും ഫയലുകളിലേക്ക്. ഗ്ളാസിട്ട് മേശയുടെ വിരിക്കും മേശപ്പുറത്തെ പെന്‍ സ്റ്റാന്‍ഡിനും നിറം ചുവപ്പുതന്നെ. 9.50ഓടെ മാധ്യമപ്രവര്‍ത്തകര്‍ എത്തിത്തുടങ്ങി. ‘എല്ലാവരോടും നന്ദിയുണ്ട് കെട്ടാ’ പുഞ്ചിരിയോടെ പതിവുശൈലിയില്‍ അഭിവാദനം. ‘ടീച്ചര്‍ ഇന്നാകെ ചുവപ്പിലാണല്ളോ’ -മാധ്യമപ്രവര്‍ത്തകന്‍െറ കമന്‍റുകേട്ട് ഒരു പുഞ്ചിരി. ‘ഹൃദയരക്തത്തിന്‍െറ നിറമല്ളേ ചുവപ്പ്, ഹൃദയമില്ലാത്തവര്‍ ആരാണുള്ളത്. എന്‍െറ പൊട്ടും എപ്പോഴും ചൊമപ്പാ കെട്ടാ, അതിതുവരെ മാറ്റിയില്ല’. മനസ്സില്‍ നിങ്ങളോടൊക്കെ നന്ദിയുണ്ട്. ഞങ്ങള്‍ ചെയ്ത സേവനങ്ങള്‍ ജനമറിഞ്ഞത് പത്രമാധ്യമങ്ങള്‍ വഴിയാ. വിമര്‍ശം ഉന്നയിച്ചവര്‍ക്കും നന്ദിയുണ്ട്. അത് പൂര്‍ണമായി ഉള്‍ക്കൊണ്ട് നന്ദി പറയുന്നു. പക്ഷേ, വേറൊന്നുണ്ട്. പത്ര ഉടമകളാണല്ളോ പലപ്പോഴും വാര്‍ത്ത നിയന്ത്രിക്കുന്നത്. ഉടമ പറയുംപോലെ വളച്ചൊടിച്ച് എഴുതിയവരുണ്ട്. നിങ്ങളുടെ പരിമിതികള്‍ എനിക്കറിയാം കെട്ടാ’ -ക്ളാസ്മുറിയിലെ ശൈലി വിടാതെ കമന്‍റുകള്‍.
‘പരിമിതികളില്‍നിന്നുകൊണ്ട് ഒരുപാട് കാര്യങ്ങള്‍ ഞങ്ങള്‍ക്ക് ചെയ്യാനായി. ആ ചാരിതാര്‍ഥ്യമുണ്ട്. ആവശ്യത്തിന് ഉദ്യോഗസ്ഥരെ കിട്ടാത്ത അവസ്ഥ പല വികസനത്തിനും വിഘാതമായി. പ്രത്യേകിച്ച്, എന്‍ജിനീയറിങ് വിഭാഗം എ.ഇമാരും ഓവര്‍സിയര്‍മാരുമില്ലാതെ വല്ലാതെ ബുദ്ധിമുട്ടി’.
പ്രതിപക്ഷം എങ്ങനെ, സഹകരിച്ചോ? പ്രതിപക്ഷം എന്നൊന്നില്ല. എല്ലാവരും ഭരണസമിതി അംഗങ്ങളാണ്. ചില സന്ദര്‍ഭങ്ങളില്‍ കൗണ്‍സിലില്‍ രാഷ്ട്രീയ അതിപ്രസരമുണ്ടായി. അത് സ്വാഭാവികം. ഒരു വനിതാ കൗണ്‍സിലര്‍ തനിക്കുനേരെ ഗ്ളാസെറിഞ്ഞെന്ന പരാതിയും അതേ കൗണ്‍സിലര്‍ ചേംബറിനു മുന്നില്‍ ഞരമ്പുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതുമാണ് ഓര്‍ത്തുവെക്കാവുന്ന അനിഷ്ടസംഭവങ്ങള്‍. തെറ്റിദ്ധാരണയുടെ പുറത്താണവര്‍ ഞരമ്പ് മുറിച്ചത്. തനിക്കുനേരെ അവര്‍ ഗ്ളാസെറിഞ്ഞില്ളെന്ന് ഞങ്ങളുടെ കൗണ്‍സിലര്‍ എം.പി. ഹമീദാണ് ചൂണ്ടിക്കാട്ടിയത്. അതോടെ, എന്‍െറ തെറ്റിദ്ധാരണയും മാറി. അവസാന കൗണ്‍സില്‍ യോഗത്തില്‍, എന്‍െറ ശിഷ്യകൂടിയായ ആ കൗണ്‍സിലര്‍ എന്‍െറ കൈയില്‍ പിടിച്ച് അനുഗ്രഹം തേടി. സന്തോഷമായി.’
‘മീഞ്ചന്ത ബസ്സ്റ്റാന്‍ഡ്, കോവൂരിലെ കമ്യൂണിറ്റി ഹാള്‍, കല്ലുത്താന്‍കടവ് പുനരധിവാസം തുടങ്ങിയ ചില സുപ്രധാന പ്രവൃത്തികള്‍ അടുത്ത കൗണ്‍സിലിലേ പൂര്‍ത്തിയാക്കാനാവൂ. ക്ഷേമകാര്യ പദ്ധതിയില്‍ നഗരസഭ ഒരുപാട് മുന്നേറി. 30,000 പേര്‍ക്ക് ക്ഷേമപെന്‍ഷന്‍ അനുവദിച്ചു.
നാനൂറോളം അങ്കണവാടികള്‍ക്ക് ഗ്യാസ് കണക്ഷന്‍ നല്‍കി. അടുത്തതും ഞങ്ങളുടെ കൗണ്‍സില്‍ തന്നെയായിരിക്കും കെട്ടാ, ആര്‍ക്കും സംശയം വേണ്ട. ഇപ്പോ തുടര്‍ച്ചയായി 40 വഷമായി ഞങ്ങള്‍ ഭരിക്കുന്നു. അത് 45ഉം പിന്നെ 50ഉം ആവും സംശയംവേണ്ട. ഞാന്‍ ജന്മനാടായ കണ്ണൂരിലേക്ക് മടങ്ങില്ല. കോഴിക്കോട് സത്യത്തിന്‍െറ മാത്രമല്ല, സ്നേഹത്തിന്‍െറയും നഗരമാണ്. ഇവിടംവിട്ട് എങ്ങോട്ടുമില്ല.
ഭര്‍ത്താവിന്‍െറ നാട് തൃശൂരാണ്, അവിടേക്കുമില്ല’. എല്‍.ഡി.എഫിന്‍െറ റോഡ്ഷോയില്‍ പങ്കെടുക്കാനായി കൃത്യം 12ന് നഗരസഭാ ഓഫിസിന്‍െറ പടിയിറക്കം. ചുവപ്പ് ലൈറ്റുവെച്ച ഒൗദ്യോഗിക കാര്‍ തിരിച്ചേല്‍പിച്ച് സ്വന്തം കാറിലാണ് മടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.